തിരുവനന്തപുരം: ഇവിടെ കൂട്ട പ്രാർത്ഥന, കൈമുത്തൽ, സ്നേഹ സന്ദർശനം, അവിടെ പള്ളിയാക്രമണം, ഭീഷണി! ബിജെപിയുടെ ക്രിസ്ത്യൻ സ്നേഹത്തിൻ്റെ നാഗവല്ലി - ഗംഗ വേർഷനുകൾ കണ്ട് 2025 ലെ ഈസ്റ്റർ ദിനം കടന്നു പോയി. ഈസ്‌റ്റർ ദിനത്തിൽ പ്രാർത്ഥന നടക്കുന്നതിനിടെ പള്ളിയിലേക്ക് അതിക്രമിച്ചു കയറി വിഎച്ച്പിയും ബജ്റംഗ് ദളും ഗുജറാത്തിൽ ഭീകരത സൃഷ്ടിച്ച് നാഗവല്ലിയുടെ റോൾ ഭംഗിയാക്കിയപ്പോൾ ബിഷപ്പ് ഹൗസുകളിൽ കയറിയിറങ്ങി മെത്രാൻമാരേ കണ്ട് ഈസ്റ്റർ ആശംസയറിയിച്ച് ബി ജെ പി പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരനും തൃശൂർ എം പി സുരേഷ് ഗോപിയും കേരളത്തിൽ ഗംഗയുടെ റോൾ ഭംഗിയാക്കി. ആയുധങ്ങളുമായി ജയ് ശ്രീറാം വിളിച്ചാണ് ഒരു സംഘം അക്രമികൾ അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളികളിലേക്ക് അതിക്രമിച്ചു കയറിയത്. എല്ലാവരും ചെറുപ്പക്കാർ. കൈയ്യിൽ ആയുധങ്ങളും കുറുവടികളും. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്നു. ഹിന്ദുക്കളെല്ലാം പുറത്തേക്ക് ഇറങ്ങണമെന്ന് ഇവർ ആക്രോശിക്കുന്നുണ്ടായിരുന്നു. കോൺഗ്രസ് എക്സ് ഹാൻഡിലിലൂടെ വിഡിയോ പങ്കുവച്ചു. 'ആട്ടിൻതോലിട്ട ചെന്നായ്ക്കളായ ജോർജ് കുര്യനും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും മറ്റ് "ക്രിസ്ത്യൻ സ്നേഹികളും" ഒരക്ഷരം മിണ്ടില്ല' എന്ന ക്യാപ്ഷനോടെയാണ് എക്‌സിൽ വിഡിയോ പങ്കുവച്ചത്.
Nagavalli in Gujarat Ganga in Kerala. Double double.